04:59pm 17 April 2026
NEWS
ബാറിലെ തർക്കം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി
16/04/2026  08:03 AM IST
nila
ബാറിലെ തർക്കം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) എന്നയാളാണ് മരിച്ചത്. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് സുമനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.  സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറിൽ മദ്യപിക്കവേ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് പരിഹരിക്കാൻ സുമൻ ഇടപെടുകയും ചെയ്തെന്നാണ് വിവരം. തുടർന്ന് സുമനെ പ്രതികൾ ബാറിലിട്ട് മർദ്ദിച്ചു. രക്ഷപ്പെടാൻ ഇറങ്ങി ഓടിയ സുമനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും അവശനിലയിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

 തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് അന്വേഷണം തുടങ്ങി. ബാറിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img